
തിരുവനന്തപുരം: രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നു എന്നാണ് അഫാൻ വെളിപ്പെടുത്തിയത്. ഇളയ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ താൻ തളർന്നു പോയെന്നും ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോട് അഫാൻ പറഞ്ഞു.
തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളോട് അഞ്ചു ലക്ഷം രൂപ കടം ചോദിച്ചിരുന്നെു. എന്നാൽ, അവർ പണം നൽകിയിരുന്നില്ല. ഇതാണ് അവരോട് പക തോന്നാൻ കാരണമായി അഫാൻ പറയുന്നത്. മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റു രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു അഫാന്റെ ഉദ്ദേശ്യം. എന്നാൽ അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്ന് തളർന്നുപോയി. അതോടെയാണ് മറ്റു രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചതെന്നും അഫാൻ വെളിപ്പെടുത്തി.
അതേസമയം, അഫാനെ ഇന്ന് ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാൻഡ് ചെയ്തിരുന്നു.











